Friday, November 2, 2007

പാട്ടപെറുക്കികള്‍ ജീവിച്ചോട്ടെ

ഗോപിക്കുട്ടന്‍ ഒരു സാധാരണക്കാരന്‍ ആയിരുന്നു. അന്നന്നു വേണ്ട അന്നത്തിനു കഷ്ടപ്പെടുന്നവന്‍.
പാവം പാട്ട, തകരം മുതലായവ പെറുക്കി വിറ്റ് ആര്‍ക്കും ഒരു ശല്യവുമില്ലാതെ തന്റെ പുരയില്‍ മാന്യമായി ജീവിച്ചു.

തോമസ്സുകുട്ടി നാട്ടിലെ അറിയപ്പെടുന്ന വീട്ടിലെ കാശുകാരന്‍ ചെക്കന്‍ ആയിരുന്നു.
തല്ലുകൊള്ളി..നാട്ടുകാരെ തെറി വിളിക്കലാണ് പ്രധാന പരിപാടി.
പിന്നെ കള്ളും കലം പറിക്കുക, കോഴിയെ പൊക്കുക തുടങ്ങി ചില്ലറ മോഷണങ്ങളും.

തോമസ്സുകുട്ടിയുടെ കൂടെ നല്ല ആള്‍ബലം ഉണ്ടായിരുന്നു.
അവന്‍ കട്ടുകൊണ്ടു വരുന്ന കോഴികളെ ശാപ്പിട്ട് കള്ളുമടിച്ച് അവനു ജയ് വിളിക്കുന്നവര്‍ !!
ദോഷം പറയരുതല്ലോ..ചിലപ്പൊഴൊക്കെ അവന്റെ സ്വന്തം വീട്ടില്‍ നിന്നും ചില വിശിഷ്ടഭോജ്യങ്ങളും അവന്‍ കൂട്ടുകാര്‍ക്കായി എത്തിക്കാറുണ്ടായിരുന്നു.
അവന് കൂട്ടുകാര്‍ എന്നാല്‍ ജീവനായിരുന്നു.
അവരെ രസിപ്പിക്കാനായി അവന്‍ എന്തും ചെയ്യാന്‍ തയ്യാറായിരുന്നു.

ഒരു ദിവസം ഗോപിക്കുട്ടന്റെ കോഴിക്കൂട്ടില്‍ നിന്നും ഒരു കോഴിയെ അടിച്ചു മാറ്റി അവന്‍ കൂട്ടുകാര്‍ക്കായി കറി വച്ച് വിളമ്പി.
സംഭവമറിഞ്ഞ ചിലര്‍ അവനേ ഗുണദോഷിച്ചു.
“നല്ല വീട്ടില്‍ പിറന്ന ചെക്കനല്ലേ. കുടുംബത്തിന്റെ മാനം കളയാതെ നല്ലതു വല്ലൊം ചെയ്യ്’“
എവിടെ..!!!
തോമസ്സുകുട്ടിക്ക് ജയ് വിളിക്കാനുമുണ്ടായി കുറേപ്പേര്‍..
“വല്ലവന്റേം കോഴി..വല്ലവനും കൊന്നു തിന്നുന്നു. എനിക്കിപ്പൊ എന്താ..
വേലിക്കല്‍ പൊയി നില്‍ക്കാം ..ഒരു കഷ്ണമെങ്ങാന്‍ എറിഞ്ഞു കിട്ടിയാന്‍ ഭാഗ്യമായി“..എന്ന മട്ടില്‍ വേറേ ചിലര്‍.

“ഇതൊന്നും കൊട്ടിഘോഷിക്കേണ്ട കാര്യമല്ല. എന്തിന്..പണ്ടെന്റെ ഒരു താറാവിനെ ഇവന്‍ പിടിച്ചോണ്ടു പോയിട്ട് ഞാന്‍ വല്ലതും പറഞ്ഞോ” എന്ന മട്ടില്‍ വേറേ ചിലരും.

“അടിയന്‍ ഓമനിച്ചു വളര്‍ത്തുന്ന കോഴിയാര്‍ന്നു. തമ്പ്രാന്‍ പീടിച്ചോണ്ടു പോയത് കഷ്ടമായിപ്പോയി”
എന്ന് ഗോപിക്കുട്ടന്‍ കവലയില്‍ നിന്ന് കരഞ്ഞു പറഞ്ഞു.

എന്തായാലും തോമസ്സുകുട്ടിക്ക് അതൊരു നാണക്കേടായിത്തോന്നി. കാര്യം താന്‍ ചെയ്തത് പോക്രിത്തരമാണേലും താനൊരു തമ്പ്രാനല്ലേ. ഗോപിക്കുട്ടന്‍ ഒരു അടിയാനും. കവലയില്‍ വച്ച് അങ്ങനെ പരസ്യമായിപ്പറയാമോ?

പിറ്റേന്ന് വയറു നിറയേ കള്ളടിച്ച് തോമസ്സുകുട്ടി ഗോപിക്കുട്ടനേ ചീത്ത വിളിച്ചു.
“നിന്നെയെനിക്കറിയാമെടാ തെണ്ടീ..നീ വല്ലവന്റേം പാട്ട പെറുക്കി വിറ്റല്ലേ ജീവിക്കുന്നേ..നിന്റെയൊക്കെ വീട്ടിലെ കോഴി മാത്രമല്ല ആട്, പന്നി, പട്ടി, പുച്ച ഇവയൊക്കെ ഞാന്‍ പിടിച്ചു തിന്നും. ഒരുത്തനും എന്നോട് ചോദിക്കാന്‍ വരില്ല. നീ അത്രക്ക് ഓമനിച്ചു വളര്‍ത്തുന്ന കോഴിയായിരുന്നെല്‍ എന്റെ കണ്ണില്‍ പെടാതെ വളര്‍ത്തണമായിരുന്നു”

ഈ സംഭവത്തിനുമുണ്ടായി മേല്‍പ്പറഞ്ഞ തരം എല്ലാ പ്രതികരണങ്ങളും..
എന്താണേലും കള്ളിറങ്ങിയ ഒരു പുലര്‍കാലേ തോമസ്സുകുട്ടി ഇത്രയും കുടി അരുള്‍ ചെയ്തു.
“ഞാന്‍ ഇന്നലെ ചീത്ത വിളിച്ചത് ഗോപിക്കുട്ടനേയല്ല. പൊതുവേ എല്ലാ പാട്ടപെറുക്കികളേം ആയിരുന്നു. ഇവന്മാരെല്ലാം വെറും തൊട്ടാവാടികളാന്നേ...അവര്‍ക്കിത്തിരി തന്റേടം വരാനാ ഞാനിതൊക്കേ ചെയ്യുന്നേ..“

പുറമേ ..തലേന്ന് വീട്ടില്‍ ഉണ്ടാക്കിയിട്ട് മിച്ചം വന്ന് കോഴി ബിരിയാണി കവലയില്‍ വിളമ്പുകേം ചെയ്തു.
കവലേല്‍ നിന്നവര്‍ തല കുലുക്കി പാസ്സാക്കി.
”അല്ലേലും തോമസ്സുകുട്ടി ഒരു ഗുണമുള്ളോനാ..”

എന്തു പറയാന്‍ !!! വിശുദ്ധ തോമസ്സുകുട്ടി പുണ്യാളന്‍ നീണാല്‍ വാ‍ഴട്ടെ !!!

6 comments:

നികൃഷ്‌ടജീവി said...

നാലു പേര്‍ കണ്ടൊട്ടേ എന്ന് വിചാരിച്ച് ഒരു കമന്റ്.
അഗ്രഗേറ്റര്‍ ഒഴിവാക്കീതോണ്ടാ.
ശരി എന്നാല്‍..
തെറി വിളി തുടങ്ങിക്കോ.

Anonymous said...

ഇതൊക്കേ ഒഴിവാക്കാമെടാ
നിന്നെ എങ്ങനെ ഒഴിവാക്കും

Anonymous said...

മനസ്സിലായി അളിയാ നീയിതാര്‍ക്കിട്ട് താങ്ങീതാണേന്ന്.
എന്തു ഫലം..
“നാണമില്ലാത്തോന്റെ.....തണല്‍”

chithrakaran ചിത്രകാരന്‍ said...

:)

Anonymous said...

please send it berly

ശ്രീലാല്‍ said...

രസമുണ്ട്‌ വായിക്കാന്‍.
പക്ഷേ,

ലിതുതന്നെയോ ലത്‌ എന്ന് വര്‍ണ്യത്തിലാശങ്ക....

അതായതുത്തമാ.., എഴുത്തിന്റെ ശൈലി കണ്ടിട്ട്‌ ബെര്‍ളി തന്നെ എഴുതിയതു പോലേ....ന്ന്.

;)